Hydro Electric Project
ജല വൈദ്യുത പദ്ധതി

ഒരു രാജ്യത്തിന്റെ പുരോഗതി നിർണ്ണയിക്കുന്നതിന് വൈദ്യുതിയുടെ ഉല്പാദനവും ഉപയോഗവും മുഖ്യ മാനദണ്ഡമാക്കുന്നതിൽ തെറ്റില്ല.  ജലവൈദ്യുത പദ്ധതിയാണ് ഏറ്റവും ചെലവു കുറഞ്ഞത്.  ശുദ്ധവും പ്രകൃതി സൗഹൃദവുമായ ഊർജ്ജം എന്നതിനു പുറമെ ജലസേചനവും ഇതു വഴി സാധിക്കുന്നു. ഇവിടെയാണ് ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രസക്തി.  വ്യത്യസ്ഥ രീതിയിലുള്ള മൂന്ന് അണക്കെട്ടുകൾ, 60 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരൊറ്റ ജലസംഭരണി, 6000 മീറ്ററിലധികം നീളമുള്ള വിവിധ വലിപ്പത്തിലുള്ള തുരങ്കങ്ങൾ, ഭൂഗർഭ വൈദ്യുത നിലയം എന്നിങ്ങനെ വിവിധ സവിശേഷതകളാൽ ശ്രദ്ധേയമാണ് ഇടുക്കി ജലവൈദ്യുത പദ്ധതി.
ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകളാൽ രൂപം കൊണ്ട ഇടുക്കി ജലസംഭരണി - ഇതിന്റെ വ്യാപ്തിയും ചിത്രത്തിൽ നിന്നും വ്യക്തമാണ്

പെരിയാറിന് ഇടുക്കിയിലും അതിന്റെ പോഷക നദിയായ ചെറുതോണിക്ക് ഇടുക്കിയോട് ചേർന്നും ഓരോ അണ കെട്ടി സംഭരിക്കുന്ന വെള്ളം ഒരു തുറന്ന ചാനൽ മൂലം കിളിവള്ളിത്തോടുമായി യോജിപ്പിക്കുന്നു. അവിടെ കുളമാവിൽ ഒരു അണക്കെട്ട്.  അങ്ങനെ മൂന്ന് അണക്കെട്ടുകൾ തടഞ്ഞു നിറുത്തുന്ന വെള്ളം തുരങ്കങ്ങളിലൂടെ മൂലമറ്റത്തുള്ള ഭൂഗർഭ വൈദ്യുത നിലയത്തിലെത്തുന്നു.  അവിടെ നിന്നും തുരങ്കം വഴിയും തുറന്ന ചാനൽ വഴിയും മൂവാറ്റുപുഴയാറിന്റെ പോഷകനദിയായ കുടയത്തൂർപ്പുഴയിൽ ചേരുന്നു.

ഇടുക്കി ജല വൈദ്യുത പദ്ധതി - ക്രമീകൃത രൂപം

ഇടുക്കി അണക്കെട്ട് നിർമ്മാണത്തിനായി പെരിയാറിനേയും ചെറുതോണി അണക്കെട്ട് നിർമ്മാണത്തിനായി ചെറുതോണി ആറിനേയും വഴി തിരിച്ച് വിടേണ്ടത് ആവശ്യമായിരുന്നു.  ഇതിനായി ആദ്യം ചെറുതോണി പുഴയിൽ ഒരു താൽക്കാലിക അണക്കെട്ട് (Coffer Dam)നിർമ്മിച്ചതിനുശേഷം രണ്ടു പുഴകൾക്കും ഇടയിലുണ്ടായിരുന്ന കുന്നിലൂടെ 309 മീറ്റർ നീളവും 4.25 മീറ്റർ വ്യാസവുമുള്ള ഒരു തുരങ്കം നിർമ്മിച്ച് ചെറുതോണിയെ പെരിയാറിലേയ്ക്ക് ഒഴുക്കി.  അതോടൊപ്പം പെരിയാറിലും ഒരു കോഫർ ഡാം നിർമ്മിച്ചു.  ഇവിടെ സംഭരിക്കുന്ന രണ്ടു പുഴകളിൽ നിന്നുമുള്ള വെള്ളം ഇടുക്കിലൂടെ ഒഴുകുന്നത് ഒഴിവാക്കുന്നതിനായി കുറവൻ മലയുടെ അടിവാരത്തിൽ ഇടുക്കി അണക്കെട്ടിന്റെ തറനിരപ്പിൽ നിന്നും 29 മീറ്റർ ഉയരത്തിൽ 248 മീറ്റർ നീളത്തിനും 6.5 മീറ്റർ വ്യാസത്തിലും ഒരു തുരങ്കം കൂടി  നിർമ്മിച്ചു.

ഡാം നിർമ്മിക്കുന്നതിനു മുൻപ് ഇടുക്കിയുടെ താഴെ നിന്നുള്ള ദൃശ്യം. മലകൾക്കിടയിലൂടെ മറുവശം കാണുന്ന കുന്നിൽ തുരങ്കം നിർമ്മിച്ചാണ് നിർമ്മാണ ഘട്ടത്തിൽ ചെറുതോണിയെ പെരിയാറിലേയ്ക്ക് ഒഴുക്കിയത്
വേനൽക്കാലങ്ങളിൽ രണ്ടു പുഴകളിലേയും വെള്ളം ഈ ടണലുകളിലൂടെ ഒഴുകി മറുവശം കടക്കും.  മഴക്കാലത്ത് വെള്ളം താൽക്കാലിക അണക്കെട്ടുകൾ കവിഞ്ഞ് നിർമ്മാണത്തിലിരിക്കുന്ന ഡാമുകളുടെ ഉയരം കുറഞ്ഞ ബ്ലോക്കുകളുടെ മുകളിലൂടെ കവിഞ്ഞൊഴുകും.  നിർമ്മാണ ഘട്ടത്തിൽ ഒരു പ്രാവശ്യം മാത്രമേ ഇടുക്കി ഡാമിനു മുകളിലൂടെ കവിഞ്ഞൊഴുക്ക് ഉണ്ടായിട്ടുള്ളൂ.  മറ്റ് അവസരങ്ങളിൽ ചെറുതോണി അണക്കെട്ടിന്റെ ചില ബ്ലോക്കുകൾ കുറഞ്ഞ ഉയരത്തിൽ നിലനിർത്തി ഇടുക്കിയിലെ കവിഞ്ഞൊഴുക്ക് ഒഴിവാക്കി.





No comments:

Post a Comment