Dam History
അൽപ്പം ചരിത്രം

1919-ൽ ഇറ്റലിക്കാരനായ ജേക്കബ് എന്ന ഒരു എഞ്ചിനീയർ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇടുക്കിയിൽ ഒരു അണ കെട്ടാനുള്ള സാദ്ധ്യതയേക്കുറിച്ച് ആദ്യമായി പരാമർശിച്ചു കാണുന്നത്.  ആ റിപ്പോർട്ട് തിരുവിതാംകൂർ സർക്കാർ പരിഗണിച്ചില്ല.  പിന്നീട് മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ.ജെ.ജോൺ 1922-ൽ ഇടുക്കി കണ്ടെത്തി.  നായാട്ടിന് അദ്ദേഹത്തെ അനുഗമിച്ചിരുന്ന കരുവെള്ളായൻ കൊലുമ്പൻ എന്ന ആദിവാസിയാണ് ഇടുക്കി ചൂണ്ടിക്കാട്ടിയത്.  'കുറവൻ', 'കുറത്തി' എന്നിങ്ങനെ അറിയപ്പെടുന്ന രണ്ടു മലകൾ പാദങ്ങൾ തമ്മിൽ പരസ്പരം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഉയർന്നു നിൽക്കുന്നു.    അൽഭുതകരമായ ആ ഇടുക്കിലൂടെ പെരിയാർ കുതിച്ചൊഴുകുന്നു.  ഇവിടെ ഒരു അണക്കെട്ടു നിർമ്മിക്കുക എളുപ്പമാണെന്നും അതിൽനിന്നും ജലസേചനവും വൈദ്യുതോല്പാദനവും സാധിക്കാമെന്നും മലങ്കര ജോൺ, സഹോദരനും എഞ്ചിനീയറുമായ ശ്രീ.പി.ജെ.തോമസിന്റെ സഹായത്തോടെ 1932-ൽ തിരുവിതാംകൂർ സർക്കാറിനെ അറിയിച്ചു. 
കരുവെള്ളായൻ കൊലുമ്പൻ

വീണ്ടും 1935-ൽ അസംബ്ലി മെമ്പറായിരുന്ന ശ്രീ.കെ.എ.നാരായണപിള്ള ഇടുക്കിക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.  തിരുവിതാംകൂർ സർക്കാരിനുവേണ്ടി ഇറ്റലിക്കാരായ ആഞ്ജലോ ഒമേദയോ, ക്ലാന്തയോ മാസെലെ എന്നീ എഞ്ചിനീയർമാർ 1937-ൽ ഇടുക്കിയെക്കുറിച്ച് പഠനം നടത്തിയെങ്കിലും കാര്യങ്ങൾ മുമ്പോട്ടു പോയില്ല.  ഏറെക്കുറെ വ്യക്തമായ ഒരു പ്രാഥമിക റിപ്പോർട്ടുണ്ടാകുന്നത് 1947-ൽ ആണ്.  അന്ന് തിരുവിതാംകൂർ ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്ന ശ്രീ.ജോസഫ് ജോൺ ഒരു റിപ്പോർട്ട് തയ്യാറാക്കി.   പെരിയാറിനേയും ചെറുതോണിയേയും ബന്ധിപ്പിച്ച് ഒരു അണ കെട്ടുകയും അറക്കുളത്ത് വൈദ്യുത നിലയം സ്ഥാപിക്കുകയും ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. 

ഇടുക്കിയിലെ പാറയിടുക്ക് - ആർച്ച് അണക്കെട്ടിന്റെ സ്ഥാനം - ഇടത്ത് 'കുറവനും' വലത്ത് 'കുറത്തിയും'.  കോഫർ ഡാമും അതിന്റെ ഇടതുവശത്തായി ജലം ഡൈവേർഷൻ ടണലിലേയ്ക്ക് പ്രവേശിക്കുന്നതും മറുഭാഗത്ത് ടണലിനു പുറത്തേയ്ക്ക് ജലം പതഞ്ഞ് ഒഴുകുന്നതും കാണാം.

1956-ൽ സമഗ്രമായ അന്വേഷണ പഠനം നടത്തപ്പെട്ടു.  1957-ൽ കേന്ദ്ര ജലവൈദ്യുത കമ്മീഷൻ അന്വേഷണ പഠനം നടത്തി.  ആധുനിക രീതിയിലുള്ള രൂപസംവിധാനം ഇടുക്കിക്ക് നൽകപ്പെടുന്നത് 1961-ൽ ആണ്. അതിന് 1963 ജനുവരിയിൽ പ്ലാനിംഗ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു.  ഇടുക്കിയുടെ സാമ്പത്തിക ചുമതല കേരളാ സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് ഏറ്റെടുത്തു.
കാടു വെട്ടിത്തെളിക്കുക, റോഡുകളും പാലങ്ങളും നിർമ്മിക്കുക, സർവ്വേ നടത്തുക തുടങ്ങിയ ജോലികൾ 1962-ൽ ആരംഭിച്ചിരുന്നു.  1966 ആയപ്പോൾ ആധുനിക ഇടുക്കി പദ്ധതിയുടെ എല്ലാ അംശങ്ങളെ സംബന്ധിച്ചും വ്യക്തമായ തീരുമാനത്തിലെത്തി ക്കഴിഞ്ഞിരുന്നു.  1966-ൽ ഇടുക്കിക്ക് കൊളംബോ പദ്ധതിപ്രകാരം കാനഡ സഹായവാഗ്ദാനം നൽകി.  78 ലക്ഷം കനേഡിയൻ ഡോളറിന്റെ സഹായ ധനവും 115 ലക്ഷം കനേഡിയൻ ഡോളറിന്റെ ദീർഘകാല വായ്പയും ഇടുക്കിക്ക് കാനഡ നൽകുകയുണ്ടായി.  1967-ൽ ഇന്ത്യയും കാനഡയും ഇതു സംബന്ധിച്ച കരാർ ഒപ്പുവച്ചു.  1968 ഫെബ്രുവരി 17 ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

രാമക്കൽമേട്ടിൽ സ്ഥാപിച്ചിരിക്കുന്ന കുറവൻ-കുറത്തി പ്രതിമകൾ

ആർച്ച് അണക്കെട്ട് വിദഗ്ദ്ധരാണ് ഫ്രാൻസുകാർ.  1960-ൽ ഫ്രാൻസിന്റെ സഹായത്തോടെ ഒരു ആർച്ച് അണക്കെട്ട് നിർമ്മിച്ച കാനഡയാണ് ഇടുക്കിയോട് സഹകരിച്ചത്.    കാനഡയിലെ 'സർവെയർ, നെനിഗർ ആന്റ് ഷെനിവർട്ട്' (SNC Inc.) എന്ന കമ്പനിയായിരുന്നു ഈ പദ്ധതിയുടെ വിദഗ്ദ്ധോപദേശകർ.  ഇടുക്കി ആർച്ച് അണക്കെട്ടിന്റെയും മൂലമറ്റം ഭൂഗർഭ വൈദ്യുത നിലയത്തിന്റെയും എഞ്ചിനീയറിംഗ് ഉത്തരവാദിത്വം കാനഡക്കായിരുന്നു.  കേരളാ സംസ്ഥാന വിദ്യുച്ഛക്തി ബോർഡും ഇന്ത്യയിലെ ആർച്ച് അണക്കെട്ട് വിദഗ്ദ്ധരിൽ ഒരാളായ ഡോ.സ്വാമിനാഥനും ഇവയുടെ സൂക്ഷ്മ പരിശോധനയും മേൽനോട്ടവും വഹിച്ചു പോന്നു. 



No comments:

Post a Comment