Power Station
ശക്തിയുടെ നിലവറ

ഇടുക്കി വൈദ്യുത നിലയത്തിന്റെ പ്രവേശന കവാടം

നാടുകാണി മലയുടെ നെറുകയിൽനിന്നും ഏകദേശം 750 മീറ്റർ താഴ്ചയിൽ സജ്ജമാക്കപ്പെട്ടിരിക്കുന്ന അത്ഭുത ഗഹ്വരമാണ് ഈ വൈദ്യുത നിലയം.  ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുത നിലയം എന്ന ബഹുമതി ഇതർഹിക്കുന്നു.  ഇവിടേയ്ക്ക് എത്താനുള്ള കമാനാകൃതിയിലുള്ള തുരങ്കത്തിന് (access tunnel) ഏകദേശം 600 മീറ്റർ നീളമുണ്ട്.  ഈ അത്ഭുത ഗഹ്വരം ഉണ്ടാക്കിയിരിക്കുന്നത് ഏകദേശം 84,000 ഘനമീറ്റർ പാറ തുരന്ന് വെളിയിൽ നിക്ഷേപിച്ചിട്ടാണ്.
ഭൂഗർഭ വൈദ്യുത നിലയം

ജനറേട്ടർ റോട്ടറിനു താഴെ ബന്ധിച്ചിരിക്കുന്ന ടർബൈൻ ഷാഫ്റ്റിനോട് ഘടിപ്പിച്ചിരിക്കുകയാണ് ടർബൈൻ ചക്രം.  ജനറേട്ടർ റോട്ടറാകട്ടെ, ത്രസ്റ്റ് ബയറിംഗിൽ നിന്നും തൂക്കിയിട്ടിരിക്കുകയുമാണ്.  ജലപാതത്തിന്റെ ശക്തികൊണ്ട് കറങ്ങുന്ന യന്ത്ര ഭാഗങ്ങളുടെ ആകെ ഭാരം 240 ടൺ വരും.   മിനിട്ടിൽ 375 പ്രാവശ്യം വീതമാണ് കറക്കത്തിന്റെ വേഗത.  ഓരോ ടർബൈനിന്റേയും ഉത്പാദന ശേഷി 130 മെഗാവാട്ട് (MW) ആണ്.  ഇങ്ങനെയുള്ള 6 ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.  മൊത്തം ഉത്പാദനശേഷി 780 മെഗാ വാട്ട്.  6 ജനറേറ്ററുകളും ഒരേ സമയം പ്രവർത്തിച്ചാൽ ദിവസേന 18.4 മില്യൺ (1,84,00,000) യൂണിറ്റ് വൈദ്യുതി ഈ നിലയത്തിൽ നിന്നും ഉത്പാദിപ്പിക്കാൻ സാധിക്കുന്നതാണ്.

പെൽട്ടൺ' മാതൃകയിലുള്ള ടർബൈൻ ചക്രം

ഉത്പാദിപ്പിക്കപ്പെടേണ്ട വൈദ്യുതിയുടെ അളവനുസരിച്ച് ടർബൈൻ ചക്രത്തിൽ പതിക്കുന്ന ജലത്തിന്റെ തോതും ക്രമീകരിക്കേണ്ടതാണ്.   'ടർബൈൻ ഗവർണർ' (turbine governor) എന്ന യന്ത്ര സംവിധാനമുപയോഗിച്ചാണ് ഇത് സാധിക്കുന്നത്.  'നെയ്ർ പിക്ക് കാനഡാ' (nier pick canada) എന്ന കമ്പനിക്കാരാണ് ടർബൈൻ, വാൽവ്, ഗവർണർ എന്നിവ നിർമ്മിച്ചത്.
ചലിക്കുന്ന ഒരു കാന്ത മണ്ഡലത്തിൽ കാന്തിക രേണുക്കൾക്കു കുറുകെ സ്ഥിതി ചെയ്യുന്ന ഒരു വൈദ്യുതവാഹിനിയിൽ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടും എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയാണല്ലോ വൈദ്യുത ജനറേറ്ററുകൾ പ്രവർത്തിക്കുന്നത്.  ഇവിടെ ആവശ്യമായ കാന്തമണ്ഡലം സൃഷ്ടിക്കുന്നത് റോട്ടറിൽ ഘടിപ്പിച്ചിട്ടുള്ള 16 വൈദ്യുത കാന്തങ്ങളാണ്.  ഓരോന്നിനും 5 ടൺ വീതം ഭാരം വരും. 

205 ടൺ ഭാരമുള്ള 'ജനറേട്ടർ റോട്ടർ' ക്രയിനുകൾ മുഖാന്തിരം താഴ്ത്തുന്നു

ഈ കാന്തങ്ങൾക്കാവശ്യമായ വൈദ്യുതി നൽകുന്നത് 'സ്റ്റാറ്റിക് എക്സൈറ്റർ' (static exciter) എന്ന നൂതനവും അതിസങ്കീർണ്ണവുമായ ഒരു സംവിധാനം വഴിയാണ്.  ഒരു ജനറേറ്ററിൽ വേണ്ട കാന്ത മണ്ഡലം സൃഷ്ടിക്കുവാൻ മാത്രം 630 KVA വൈദ്യുതി ആവശ്യമാണ്.
11,000 വോൾട്ടതയിലാണ്(11 KV) ജനറേറ്ററിൽ ശക്ത്യുത്പാദനം സംഭവിക്കുന്നത്.  ഇത് നിശ്ചിത പരിധികൾക്കുള്ളിൽ നിയന്ത്രിച്ചു നിർത്താൻ വേണ്ട സജ്ജീകരണങ്ങളും (voltage regulator) ഏർപ്പെടുത്തിയിട്ടുണ്ട്.  11,000 വോൾട്ടതയിൽ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി, ഓരോ ഫേസിലും ഒന്നു വീതം എന്ന കണക്കിൽ 48,000 KVA വീതം ശേഷിയുള്ള മൂന്നു ട്രാൻസ്ഫോർമറുകളിൽ എത്തിച്ചേരുന്നു.    

ഭൂഗർഭ വൈദ്യുത നിലയത്തിൽ സ്ഥാപിച്ചിരിക്കുന്ന ജനറേറ്ററുകളിൽ ഒന്ന്

ഇവിടെ ശക്തിയുടെ വോൾട്ടതാനിലവാരം 11,000 ൽ നിന്നും 2,20,000 (220 KV) ത്തിലേയ്ക്ക് ഉയർത്തുന്നു.  2,20,000 വോൾട്ടതയിലുള്ള വൈദ്യുതിയെ ട്രാൻസ്ഫോർമറുകളിൽ നിന്ന് സ്വിച്ച് യാർഡിലെത്തിക്കുന്നത്, ഇതിനായി പ്രത്യേകം നിർമ്മിച്ചിട്ടുള്ള ഇൻസുലേറ്റഡ് കേബിളുകൾ വഴിയാണ്.  ഈ കേബിളുകൾക്കായി മാത്രം രണ്ടു തുരങ്കങ്ങൾ ഭൂഗർഭ നിലയത്തിൽനിന്നും പുറത്തുള്ള സ്വിച്ച് യാർഡിലേയ്ക്ക് നിർമ്മിച്ചിട്ടുണ്ട്.  ഈ കേബിളുകൾ നിർമ്മിച്ചത് കാനഡാ വയർ ആൻഡ് കേബിൾ കമ്പനിയിലാണ്. 


പവർഹൗസിനടുത്തു തന്നെയുള്ള ഒരു മലഞ്ചെരുവു വെട്ടി നികത്തിയും പവർ ഹൗസ് തുരങ്കം നിർമ്മിച്ചപ്പോൾ കിട്ടിയ പാറക്കഷണങ്ങൾ കൊണ്ടുവന്നു നിറച്ചും ആണ് സ്വിച്ച് യാർഡിനുള്ള സ്ഥലം സജ്ജമാക്കിയത്.  22,000 ചതുരശ്രമീറ്റർ സ്ഥലത്തായി സ്വിച്ച് യാർഡ് വ്യാപിച്ചു കിടക്കുന്നു.  ഭൂഗർഭ നിലയത്തിനകത്ത് ഒരു 'കണ്ട്രോൾ റൂം ' സ്ഥാപിച്ചിരിക്കുന്നു.  പവർ ഹൗസിലും സ്വിച്ച് യാർഡിലും ഉള്ള എല്ലാ യന്ത്രങ്ങളുടേയും ഉപകരണങ്ങളുടേയും പ്രവർത്തനങ്ങൾ ഇവിടെ നിന്നും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം.

ഭൂഗർഭ നിലയത്തിനകത്ത് സ്ഥാപിച്ചിരിക്കുന്ന കണ്ട്രോൾ റൂം

ആറു ടർബൈനുകളിൽ നിന്നും ബഹിർഗമിക്കുന്ന ജലം ആറ് ചെറിയ തുരങ്കങ്ങൾ വഴി വൈദ്യുത നിലയത്തിനു പുറത്തുവരുന്നു.  ആറ് തുരങ്കങ്ങളും ഓരോന്നായി ക്രമേണ യോജിച്ച്, വൈദ്യുത നിലയത്തിൽനിന്നും ഒരു വലിയ തുരങ്കം (tailrace tunnel) ആയിത്തീരുന്നു. 
ജല നിർഗ്ഗമന തുരങ്കത്തിൽക്കൂടി വരുന്ന വെള്ളം സമലംബകം (trapezium) ആകൃതിയുള്ള ഒരു മനുഷ്യനിർമ്മിതമായ തോട്ടിൽ (tailrace canal) കൂടി ഒഴുകി നച്ചാർ എന്ന തോടിനടിയിൽക്കൂടി കടന്ന് ബൈപാസ് ചാനൽ എന്നറിയപ്പെടുന്ന വേറൊരു തോട്ടിൽ എത്തുന്നു.    ഈ ചാനൽ നച്ചാറിന്റെയും വേറൊരു തോടായ വാലിയാറിന്റെയും സംഗമ സ്ഥാനത്ത് ചെന്നു ചേരുന്നു.  ഇവിടെ കുടയത്തൂർപ്പുഴ എന്നറിയപ്പെടുന്ന ഇത് തൊടുപുഴയാറിലും പിന്നെ മൂവാറ്റുപുഴയാറിലും ചെന്നുചേരുന്നു.


വൈദ്യുതി  ഉല്പാദനം


1974 മാർച്ച് 14 ന് ഡൈവേർഷൻ ടണലുകൾ അടച്ച് ജലസംഭരണിയിൽ വെള്ളം സംഭരിക്കാൻ ആരംഭിച്ചു.  ഡിസംബർ മാസത്തോടെ അത് 2200 അടിയായി ഉയർന്ന് സ്പിൽവേ വഴി കവിഞ്ഞ് ഒഴുകാൻ തുടങ്ങി.  1975 ജൂൺ മാസത്തോടെ ഗേറ്റുകൾ സ്ഥാപിച്ച് ജലനിരപ്പ് 2312 അടിയിൽ എത്തിച്ചു.
1976 ഫെബ്രുവരി 12 ന് ഇടുക്കി ജല വൈദ്യുത പദ്ധതി അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി രാഷ്ട്രത്തിനായി സമർപ്പിച്ചു.

ഇടുക്കി പദ്ധതി ഉദ്ഘാടനത്തിനെത്തിയ ശ്രീമതി ഇന്ദിരാഗാന്ധിയെ സ്വീകരിക്കുന്നു.

നിലയത്തിലെ ആറു ജനറേറ്ററുകൾ ആറു ഘട്ടങ്ങളായാണ് പ്രവർത്തനക്ഷമമായത്.  ഒന്നു മുതൽ ആറു വരെയുള്ള ജനറേറ്ററുകൾ യഥാക്രമം 12-02-1976,  07-06-1976,  24-12-1976,  04-11-1985,  22-03-1986, 09-09-1986 എന്നീ തീയതികളിലാണ് വൈദ്യുതോല്പാദനം തുടങ്ങിയത്. ഈ നിലയത്തിൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി വിതരണ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതിനായി ഉദുമല്പേട്ടയിലേയ്ക്കുള്ള ഒരു അന്തർ സംസ്ഥാന ലൈൻ ഉൾപ്പെടെ ഏഴ് 220 കെ.വി.ലൈനുകളുണ്ട്.


No comments:

Post a Comment