Idukki Arch Dam
ഇടുക്കി കമാന അണക്കെട്ട്

കമാനാകൃതിയോളം പ്രകൃതിയുമായി യോജിച്ച മറ്റൊന്നില്ല.  ഭാരം താങ്ങുവാൻ ആർച്ചിന് കൂടുതൽ ശേഷിയുണ്ട് എന്നത് ഒരു ശാസ്ത്രീയ വസ്തുതയാണ്.  ഏകദേശം രണ്ടായിരം ദശലക്ഷം ടൺ ജലസംഭരണ സാദ്ധ്യതയാണ് ഇടുക്കി ജലസംഭരണിക്കുള്ളത്.  ഇതിന്റെ മർദ്ദവും ശക്തിയും താങ്ങാൻ ആർച്ച് അണക്കെട്ടിന് അനായാസം കഴിയും.

ഇടുക്കി കമാന അണക്കെട്ട് - പിറകിൽ നിന്നും നോക്കുമ്പോൾ

Double Curvature Parabolic Thin Arch രീതിയിലാണ് ഇതിന്റെ നിർമ്മാണം.  ഒരു മുറി ചിരട്ടയെ നാലായി വിഭജിച്ചതിൽ ഒരു കഷണത്തിന്റെ രൂപമാണ് ഇതിനുള്ളത്.  പിറകിൽ ചേർന്നു നിന്ന് നോക്കിയാൽ മൂർഖൻ പാമ്പ് പത്തി വിരിച്ചതുപോലിരിക്കും.   അത് നിർമ്മിക്കപ്പെടാൻ  പ്രകൃതി തന്നെ കനിഞ്ഞു നൽകിയ ഭീമാകാരവും ഉറപ്പുള്ളതുമായ പാറയിടുക്കിനെ കാത്തുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും 925 മീറ്റർ ഉയരമുള്ള 'കുറത്തിയും' 839 മീറ്റർ ഉയരമുള്ള 'കുറവനും' അക്ഷശക്തികളായി നിൽക്കുന്നു.  ഈ സാഹചര്യത്തെ സ്വാഭാവികമായി ഉപയോഗപ്പെടുത്തുക എന്ന ആശയത്തിൽ നിന്നും ആർച്ച് അണക്കെട്ട് എന്ന രൂപമേ ഉരുത്തിരിയൂ.  അതു തന്നെയാണ് ഇവിടെ കാണുന്നത്.  
 

ഇന്ത്യയിലെ ഏക ആർച്ച് അണക്കെട്ട്, ലോകത്തിലെ ഉയരം കൂടിയ 22 ആർച്ച് അണക്കെട്ടുകളിൽ ഒന്ന് എന്നീ പദവികൾ ഇതു കൈവരിച്ചിരിക്കുന്നു.  ഉയരത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ഇതിന്റെ ഉയരം 168.91 മീറ്ററാണ്.  മുകളിലത്തെ നീളം 365.85 മീറ്ററും വീതി മുകളിൽ 7.62 മീറ്ററും അടിയിൽ 19.81 മീറ്ററും ആകുന്നു.

ഇടുക്കി കമാന അണക്കെട്ട് നിർമ്മാണം പ്രരംഭ ഘട്ടത്തിൽ -  1967 മാർച്ച് 14 ന് എടുത്ത ചിത്രം

അണക്കെട്ടിന്റെ ബ്ലോക്കുകളുടെ നിർമ്മാണ പുരോഗതി
- 1971 ഏപ്രിൽ 30ന് എടുത്ത ചിത്രം


ഇടുക്കി അണക്കെട്ട് നിർമ്മാണ പുരോഗതി - 1971 മെയ് 23 ന് എടുത്ത ചിത്രം

ഇടുക്കി ആർച്ച് അണക്കെട്ടിന് 4,64,000 ഘനമീറ്റർ കോൺക്രീറ്റാണ് ആവശ്യമായി വന്നത്.   പെരിയാറിന് 526.29 ചതുരശ്ര കിലോമീറ്റർ, ചെറുതോണിയാറിന് 123.02 ചതുരശ്ര കിലോമീറ്റർ, കിളിവള്ളിത്തോടിന് 0.91 ചതുരശ്ര കിലോമീറ്റർ എന്നിങ്ങനെയാണ് ജലദായക പ്രദേശം കണക്കാക്കപ്പെടുന്നത്.  ഇവയിൽ നിന്നും 90 ശതമാനം വെള്ളവും ജല സംഭരണിക്ക് ലഭിക്കുന്നതാണ്.  

അണക്കെട്ടിലെ ജലനിരപ്പ് നിരീക്ഷിക്കാനായി സ്ഥാപിച്ചിരിക്കുന്ന സ്കെയിൽ

ഈ ജലത്തിന്റെ മർദ്ദവും തന്മൂലമുള്ള അണക്കെട്ടിന്റെ പെരുമാറ്റവും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടിയിരിക്കുന്നു.  ഇതിലേയ്ക്ക് അഞ്ച് 'ഡിഫർമേഷൻ സ്റ്റേഷനുകൾ' ഉൾപ്പെടെ വിപുലമായ വ്യത്യസ്ത സംവിധാനങ്ങളാണ്  സ്ഥാപിച്ചിട്ടുണ്ട്.        ഒരു മില്ലീമീറ്ററിന്റെ നൂറിൽ ഒരു ഭാഗത്തിന്റെ ചലനം പോലും അറിയാൻ ശേഷിയുള്ളതാണ് ഈ ഡിഫർമേഷൻ സ്റ്റേഷനുകൾ.  അണക്കെട്ടിന്റെ വലതു കരയിൽ കുറത്തിമലയ്ക്കുള്ളിലുള്ള തുരങ്കത്തിൽ നിന്നും പുറപ്പെടുന്ന രീതിയിൽ 13 അടി വ്യാസത്തിലും 550 അടി ഉയരത്തിലും പാറ തുരന്ന് ഒരു 'എലിവേറ്റർ ഷാഫ്റ്റ്' നിർമ്മിച്ചിട്ടുണ്ട്.  അതുമായി ബന്ധിപ്പിച്ച് ഡാമിനുള്ളിൽ മൂന്ന് വ്യത്യസ്ത നിലകളിലായി (1900 അടി, 2100 അടി, 2300 അടി എന്നിങ്ങനെ) 'ഇൻസ്പെക്ഷൻ ഗാലറി' കളും നിർമ്മിച്ചിട്ടുണ്ട്.  അണക്കെട്ടിനെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇവ ഉപയോഗപ്പെടുത്തുന്നു.
ഇടുക്കി അണക്കെട്ടിനുള്ളിലെ ഒരു ഇൻസ്പെക്ഷൻ ഗാലറി


No comments:

Post a Comment