Tunnels and Valves
തുരങ്കങ്ങളും കവാടങ്ങളും

ശക്തി തുരങ്കം (Power Tunnel)


പ്രവേശകക്കുഴലില്‍ക്കൂടി ശക്തിതുരങ്കത്തില്‍ പ്രവേശിക്കുന്നവെള്ളം നാടികാണിമല കടന്ന് സര്‍ജ്ഷാഫ്റ്റ് (surge shaft) എന്ന സംവിധാനത്തി ലെത്തുന്നു.  കുതിരലാടത്തിന്റെ ആകൃതിയിലുളള ശക്തിതുരങ്കത്തിന് 7.01 മീറ്റര്‍ ഉള്‍വ്യാസവും 2027.53 മീറ്റര്‍ നീളവും ഉണ്ട്.  ചുറ്റും ശരാശരി 56 സെന്‍റിമീറ്റര്‍ ഘനത്തില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ള ഈ തുരങ്കത്തില്‍ക്കൂടി വെളളം ഒരു സെക്കന്‍റില്‍ 153 ഘന മീറ്റര്‍ വരെ ഒഴുക്കാവുന്നതാണ്.  ഈ തുരങ്കത്തില്‍ ഇതില്‍ക്കൂടി ഒഴുകുന്ന ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും പൂര്‍ണ്ണമായി നിര്‍ത്തുന്നതിനുമുളള ഒരു കവാടവും അത് പ്രവര്‍ത്തിപ്പിക്കുന്നതിനുളള യന്ത്രസംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.

ശക്തി തുരങ്കം നിർമ്മാണത്തിൽ

സര്‍ജ് ഷാഫ്റ്റ്


സര്‍ജ് ഷാഫ്റ്റ് അല്ലെങ്കില്‍ സമ്മര്‍ദ്ദ ലഘൂകരണതുരങ്കം ജല വൈദ്യുത പദ്ധതിയിലെ ഒരു സുപ്രധാനമായ ഘടകമാണ്.  ശക്തിതുരങ്കത്തില്‍ക്കൂടിയും പ്രഷർ ഷാഫ്റ്റിൽക്കൂടിയും ശക്തിയായി താഴോട്ടൊഴുകുന്ന വെളളത്തിന്റെ വരവ് വിദ്യുച്ഛക്തിനിലയത്തില്‍ ഏതെങ്കിലും കാരണവശാല്‍ നിറുത്തേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ശക്തിയായ സമ്മര്‍ദ്ദം ശക്തിതുരങ്കത്തിനെ തകര്‍ത്തുകളയാനിടയുണ്ട്.  സര്‍ജ് ഷാഫ്റ്റിൽ വെളളത്തിന് ഉയര്‍ന്നു പൊങ്ങാന്‍ ആവശ്യത്തിന് വ്യാപ്തം കൊടുത്താല്‍ വെളളം അതിലെത്തി ഉയരുന്നതോടുകൂടി സമ്മര്‍ദ്ദം ക്രമേണ തീര്‍ന്നുകൊളളും.  ഇതിനുവേണ്ടിയാണ് ശക്തി തുരങ്കം തീരുന്നിടത്ത് സാധാരണയായി ഒരു സര്‍ജ് ഷാഫ്റ്റ് നിര്‍മ്മിക്കുന്നത്.
 പൂർണ്ണമായും നാടുകാണി മലയ്ക്കുളളില്‍ തുരന്നുണ്ടാക്കിയിട്ടുളള ഈ ഭൂഗര്‍ഭ സര്‍ജ് ഷാഫ്റ്റ് വിശേഷ ആകൃതിയിലുളള ഒന്നാണ്.  ശക്തിതുരങ്കം തീരുന്നിടത്തുനിന്നും ഇടുങ്ങിയ കഴുത്തോടുകൂടി തൂക്കായി പൊങ്ങുന്ന തുരങ്കം 'അടിയിലത്തെ വികസന അറയില്‍' (bottom expansion chamber) എത്തുന്നു.  ഈ വികസന അറയ്ക് 50.6 മീറ്റര്‍ നീളവും 7.01 മീറ്റര്‍ വ്യാസവുമുണ്ട്.  ഇവിടെ നിന്നും 53 ഡിഗ്രി ചരിവില്‍ ഒരു തുരങ്കം ചരിഞ്ഞ് കയറിപ്പോകുന്നു.  ഈ ചരിവു തുരങ്കത്തിന് (inclined shaft) 76.25 മീറ്റര്‍ ഉയരവും 9.60 മീറ്റർ വ്യാസവും ഉണ്ട്.  ഈ ചരിവു തുരങ്കം 141 .62 മീറ്റർ നീളവും 7.01 മീറ്റർ ഉയരവും കമാനാകൃതിയിലുള്ളതുമായ 'മേൽ ഭാഗ വികസന അറ' (upper expansion chamber) യിൽ ആണ് ചെന്നു ചേരുന്നത്.  സർജ് ഷാഫ്റ്റിന്റെ ചുവട്ടിൽ ശക്തിതുരങ്കം യോജിക്കുന്നതിന്റെ എതിർദിശയിൽനിന്നും രണ്ട് തിരശ്ചീന ഉരുക്കു കുഴലുകൾ പുറപ്പെടുന്നു.


ചിത്രശലഭ  കവാട  അറ


'ചിത്രശലഭ കവാട അറ' (butterfly valve chamber) യിൽ സർജ് ഷാഫ്റ്റിൽനിന്നും പുറപ്പെടുന്ന ഉരുക്കു കുഴലിൽക്കൂടിയുള്ള ജലപ്രവാഹത്തെ നിയന്ത്രിക്കുന്നതിനും വേണ്ടിവന്നാൽ പൂർണ്ണമായി നിറുത്തുന്നതിനും ഉള്ള യന്ത്ര സംവിധാനം സജ്ജീകരിച്ചിരിക്കുന്നു.  ഈ അറ സർജ് ഷാഫ്റ്റിൽനിന്നും ഏകദേശം 91.44 മീറ്റർ അകലെ പാറയ്ക്കുള്ളിൽ തുരന്നുണ്ടാക്കിയിരിക്കുന്നു.  രണ്ടു ഉരുക്കു കുഴലുകളും സ്വതന്ത്രമായി തുറക്കുന്നതിനും അടയ്ക്കുന്നതിനും വേണ്ടി രണ്ട് വാൽവുകൾ ഈ രണ്ട് കുഴലുകളിൽ അറയ്ക്കകത്ത് സ്ഥാപിച്ചിരിക്കുന്നു.  മുകളിൽ പാളത്തിൽക്കൂടി സഞ്ചരിക്കുന്ന 40 ടൺ ഭാരദ്വഹന ശേഷിയുള്ള ഒരു ക്രെയിൻ മുഖാന്തിരമാണ് ഈ വാൽവുകൾ സ്ഥാപിച്ചിരിക്കുന്നത്.  ഈ അറയ്ക്ക് 44.2 മീറ്റർ നീളവും 9.7 മീറ്റർ വീതിയും 11.7 മീറ്റർ ഉയരവും ഉണ്ട്.  ഇവിടെ നിന്നും 48.8 മീറ്ററും 27.4 മീറ്ററും മാറി യഥാക്രമം ഒന്നാമത്തെയും രണ്ടാമത്തെയും പ്രഷർ ഷാഫ്റ്റുകൾ കുത്തനെ ചരിഞ്ഞ് ഇറങ്ങിപ്പോകുന്നു.

ഉരുക്കു പൈപ്പുകൾ വെൽഡ് ചെയ്ത് പിടിപ്പിക്കുന്നു

സമ്മർദ്ദ തുരങ്കങ്ങൾ (Pressure Shafts)


രണ്ടു പ്രഷർ ഷാഫ്റ്റുകൾ 4.87 മീറ്റർ വ്യാസത്തിൽ പാറ തുരന്ന് ഉണ്ടാക്കിയിരിക്കുന്നു.  യഥാക്രമം 51 ഡിഗ്രി 2 മിനിറ്റ്, 52 ഡിഗ്രി 37 മിനിറ്റ് വീതം ചരിവുള്ള ഈ പ്രഷർ ഷാഫ്റ്റുകൾക്ക് 993.34 മീറ്ററും 955.85 മീറ്ററും വീതം നീളമുണ്ട്.  ഇവയുടെ ഉള്ളിൽ ഏറ്റവും മുകളിൽ 3858 മില്ലീമീറ്റർ വ്യാസത്തിൽ നിന്നും ഏറ്റവും താഴെ 2159 മില്ലീമീറ്റർ വ്യാസത്തിലേയ്ക്ക് ക്രമേണ വ്യത്യാസപ്പെടുന്ന 166 ഉരുക്കു കുഴലുകൾ (steel pipes) ഉറപ്പിക്കപ്പെടുന്നു.  പാറയ്ക്കും പൈപ്പിനും ചുറ്റുമുള്ള വൃത്താകാരമായ ഭാഗം ഭംഗിയായി കോൺക്രീറ്റുകൊണ്ട് നിറയ്ക്കുന്നു.  ഇതുമൂലം ശക്തിയായ ജലസമ്മർദ്ദത്തിന്റെ ഏകദേശം 50 ശതമാനത്തോളം പൈപ്പിൽനിന്നും കോൺക്രീറ്റു വഴി ചുറ്റുമുള്ള പാറയിലേയ്ക്ക് പങ്കിടുമെന്നുള്ളതുകൊണ്ട് താരതമ്യേന ഘനം കുറഞ്ഞ പൈപ്പുകൾ ഉപയോഗിക്കാൻ സാധിക്കുന്നു.

പ്രഷർ ഷാഫ്റ്റിൽ ഉരുക്കുകുഴലുകൾ ഇറക്കുന്നു

മൂന്ന് സമീപ സ്ഥലങ്ങളിൽനിന്നുമാണ് ഈ തുരങ്കങ്ങളുടെ നിർമ്മാണം ആരംഭിച്ചത്.  ബട്ടർഫ്ലൈ വാൽവ് ചേംബറിൽ നിന്നും താഴേയ്ക്ക്; നടുക്ക് 'മദ്ധ്യപ്രവേശന ദ്വാരത്തിൽ' (intermediate adit) നിന്നും മുകളിലേയ്ക്കും താഴേക്കും; അടിയിൽ ഭൂഗർഭ വൈദ്യുത നിലയത്തിലെ പ്രവേശന തുരങ്കത്തിൽനിന്നും മുകളിലേയ്ക്ക്, എന്നിങ്ങനെ.  താഴേയ്ക്കുള്ള തുരപ്പിന് 'സിങ്കിങ്ങ്' (sinking) എന്നും മുകളിലേയ്ക്കുള്ള തുരപ്പിന് 'റെയിസിംഗ്' (raising) എന്നും പറയുന്നു.  ഇത് ചെയ്തത് സാധാരണ തുരങ്കങ്ങൾ തുരക്കുന്നതു പോലെയായിരുന്നു.  ഒന്നാമത്തെ പ്രഷർ ഷാഫ്റ്റിന്റെ ഇന്റർമിഡിയറ്റ് അഡിറ്റിൽ നിന്നുള്ള സിങ്കിങ്ങും, അടിയിൽ പ്രവേശന തുരങ്കത്തിൽ നിന്നുമുള്ള റെയിസിംഗും 1971 ആഗസ്റ്റ് 21 ന് കൃത്യമായി യോജിച്ചു.  ഈ പദ്ധതിയിൽ ഏർപ്പെട്ടിരുന്ന സാങ്കേതിക വിദഗ്ദ്ധരുടേയും തൊഴിലാളികളുടേയും ഏറ്റവും ശ്രദ്ധേയമായ ഒരു നേട്ടം എന്ന് ഇതിനെ വിശേഷിപ്പിക്കാം.

അലിമാക്ക് റെയിസ് ക്ലൈംബർ

ദ്രുതഗതിയിൽ നിർമ്മാണം പുരോഗമിപ്പിക്കുന്നതിനു വേണ്ടി കാനഡായിൽ നിന്നും 'അലിമാക്ക് റെയിസ് ക്ലൈംബർ' (alimak raise climber) എന്ന യന്ത്രം വരുത്തി അതു മൂലമാണ് ബാക്കി തുരപ്പു ജോലികൾ നിർവ്വഹിച്ചത്.  ഉരുക്കു കുഴലുകൾ തുരങ്കത്തിനുള്ളിൽ ഇറക്കുന്നതും കോൺക്രീറ്റ് ചെയ്യുന്നതും യന്ത്ര സംവിധാനത്താലാണ്.  ഈ ഉരുക്കു പൈപ്പുകൾ നിർമ്മിച്ചിരുന്നത് കൊച്ചിയിലുള്ള 'ജിയോവനോളാ ബിന്നി' (geovanola binny) എന്ന കമ്പനിയിലാണ്. 
അവിടെ നിന്നും ഇവ ബാർജ് (barge) മുഖേന ഇടയാർ എന്ന സ്ഥലത്തും അവിടെനിന്നു വിദ്യുച്ഛക്തി ബോർഡിന്റെ 60 ടൺ ഭാരം വലിക്കാവുന്ന 'ട്രാക്റ്റർ ട്രെയിലർ' മുഖേന വിവിധ പൈപ്പുസംഭരണ സ്ഥാനങ്ങൾ വരെയും എത്തിക്കുന്നു.  ഇന്ന് ലോകത്തിലുള്ള പ്രഷർ ഷാഫ്റ്റുകളിൽ ഏറ്റവും കൂടുതൽ ചരിവ് ഉപയോഗപ്പെടുത്തുന്നു എന്ന ബഹുമതിക്കർഹതയുള്ള ഈ പ്രഷർ ഷാഫ്റ്റുകൾ ഭൂഗർഭ നിലയത്തിൽനിന്നും ഏകദേശം 31.5 മീറ്റർ ദൂരം മുതൽ തിരശ്ചീനമായി വന്ന ശേഷം ഓരോന്നും ക്രമേണ മൂന്നായിപ്പിരിഞ്ഞ് ഭൂഗർഭ വൈദ്യുത നിലയത്തിൽ പ്രവേശിക്കുന്നു.

60 ടൺ ഭാരം വലിക്കാവുന്ന  'ട്രാക്റ്റർ ട്രെയിലർ' മുഖേന ഉരുക്കു കുഴലുകൾ എത്തിക്കുന്നു




No comments:

Post a Comment