Kulamavu Dam
കുളമാവ് അണക്കെട്ട്

കുളമാവ് അണക്കെട്ട് - ഇതിന്റെ മുകളിൽക്കൂടിയാണ് തൊടുപുഴ-പുളിയന്മല സംസ്ഥാന പാത കടന്നുപോകുന്നത്

ഇടുക്കിയിലും ചെറുതോണിയിലുമുള്ള അണക്കെട്ടുകൾ നിർമ്മിക്കുന്ന ജലസംഭരണി 2080.26 മീറ്റർ നീളമുള്ള ഒരു ചാനൽ വഴി കുളമാവു വരെ വ്യാപിക്കുന്നു.  മൂവാറ്റുപുഴയാറിന്റെ പോഷകനദിയായിരുന്ന കിളിവള്ളി വരെയെത്തുന്ന ഈ ജലസംഭരണി കിളിവള്ളിത്തോടിനു കുറുകെ പണിത കുളമാവ് അണക്കെട്ടുകൊണ്ട് ചെറുത്തുനിർത്തുന്നു. 

കുളമാവ് ചാനൽ നിർമ്മാണ ഘട്ടത്തിൽ

ഈ പദ്ധതിയിലെ ഏറ്റവും ചെറിയ അണക്കെട്ടാണിതെങ്കിലും കേരളത്തിലെ ഏറ്റവും വലിയ കൽക്കെട്ട് അണയായിട്ടാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്.    കൂടുതൽ ജോലി സാദ്ധ്യതയും അന്നത്തെ നിലയിൽ ചുരുങ്ങിയ ചെലവും പരിഗണിച്ച് കൽക്കെട്ട് അണയായി 1966 ആദ്യം ഇതിന്റെ പണി ആരംഭിച്ചു.  1969 ൽ ഏതാണ്ട് മൂന്നിലൊന്നു ഭാഗം പണി തീർന്നുവെങ്കിലും അതുകഴിഞ്ഞ് തുടർച്ചയായുണ്ടായ കോണ്ട്രാക്ട് തകരാറുകളും തൊഴിൽ കുഴപ്പങ്ങളും നിർമ്മാണ പുരോഗതിക്ക് കാര്യമായ വിഘാതങ്ങളുണ്ടാക്കി. 
ഈ പരിതസ്ഥിതികളിൽ 1975-ൽ ഏതാണ്ട് 2500 തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകിക്കൊണ്ട് പിരിച്ചയച്ച ശേഷം അണക്കെട്ടിന്റെ ബാക്കി പണി കോൺക്രീറ്റിൽ ചെയ്യുവാൻ തീരുമാനിക്കുകയും അതനുസരിച്ച് 1975 മേയ് മാസത്തിൽ കോൺക്രീറ്റ് ചെയ്തു തുടങ്ങുകയും ചെയ്തു. 

കുളമാവ് അണക്കെട്ടിന്റെ ബ്ലോക്ക് വർക്കുകൾ പുരോഗമിക്കുന്നു.

കുളമാവ് അണക്കെട്ടിന് ഏറ്റവും താഴ്ന്ന അടിത്തറയിൽ നിന്നും 100 മീറ്റർ (നദീതടത്തിൽ നിന്നും 71 .63 മീറ്റർ) ഉയരവും മുകൾപ്പരപ്പിന് 385 മീറ്റർ നീളവും 7.32 മീറ്റർ വീതിയും ഏറ്റവും അടിയിൽ 67.36 മീറ്റർ വീതിയും ഉണ്ട്.  നാലര ലക്ഷം ഘനമീറ്റർ വ്യാപ്തമുള്ള ഇത് കൽക്കെട്ടിൽ 16 ബ്ലോക്കുകളായാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.  ഏഴാമത്തെ ബ്ലോക്കിൽ ഒരു ജല നിർഗ്ഗമന ദ്വാരം (outlet) സ്ഥാപിതമായിരിക്കുന്നു.   1 .83 മീറ്റർ വ്യാസമുള്ള വൃത്താകാരമായ ഈ ഉരുക്കുകുഴൽ ഔട് ലെറ്റിന് അണക്കെട്ടിന്റെ മുൻഭാഗത്തും പിൻഭാഗത്തും നിയന്ത്രണ ഏർപ്പാടുകളുണ്ട്; മുൻഭാഗത്ത്, ഉറപ്പിച്ച ചക്രങ്ങളിൽ സഞ്ചരിക്കുന്ന, ഉരുക്കുകൊണ്ടുള്ള ഒരു അടിയന്തിര കവാടവും, പിൻഭാഗത്ത് 'ഹോളോജെറ്റ് വാൽവും' (hollow jet valve).

കുളമാവ് അണക്കെട്ട് - നിർമ്മാണത്തിൽ

ഒൻപതും പത്തും ബ്ലോക്കുകളിലെ പാറയ്ക്ക് കൂടുതൽ ഉറപ്പു നൽകണമെന്ന് ബോദ്ധ്യമായതിനാൽ അസ്തിവാരത്തിൽ 32 മീറ്റർ വീതിയിൽ പ്രബലിത കോൺക്രീറ്റ് മാറ്റ് സ്ഥാപിക്കപ്പെട്ടു.  നിർമ്മാണ ഘട്ടത്തിലും തുടർന്ന് ജലസംഭരണിയിൽ വെള്ളം നിറഞ്ഞുകഴിഞ്ഞും അണക്കെട്ടിന്റെ അസ്തിവാരവും പെരുമാറ്റവും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കാൻ വേണ്ടി ഒരു പെൻഡുലവും സമഗ്രമായ ഒരു സൂക്ഷ്മോപകരണ ശൃഖലയും അണക്കെട്ടിനുള്ളിൽ ഘടിപ്പിച്ചിട്ടുണ്ട്.

കുളമാവ് അണക്കെട്ട് - പിറകിൽ നിന്ന് നോക്കുമ്പോൾ

No comments:

Post a Comment