Cheruthony Dam
ചെറുതോണി അണക്കെട്ട്

ചെറുതോണി അണക്കെട്ട് - വലതുവശത്തായി ഇടുക്കി അണക്കെട്ടും മദ്ധ്യ ഭാഗത്തായി കുറവൻ മലയിൽ പാറ പൊട്ടിച്ചുനീക്കിയ ഭാഗവും ദൃശ്യമാണ്.  വൈശാലി ഗുഹയും കാണാം.


'കുറത്തി' യുടെ വലതു കൈയും 'കുറവ' ന്റെ ഇടതു കൈയും തമ്മിൽ കോർത്തിരിക്കുന്നതാണ് ഇടുക്കി ആർച്ച് അണക്കെട്ടെങ്കിൽ 'കുറവ' ന്റെ വലതു കൈയാണ് ചെറുതോണി അണക്കെട്ട്.  ഉയരത്തിൽ ഇടുക്കിയുടെ താഴെയാണ് സ്ഥാനമെങ്കിലും ഇടുക്കി പദ്ധതിയിലെ ഏറ്റവും വലിയ ഘടകം ചെറുതോണി അണക്കെട്ടാണ്.
  കോൺക്രീറ്റ് ഭാരാശ്രിത മാതൃകയിലുള്ള (Gravity Dam) ഇതിന് ഇടുക്കി അണക്കെട്ടിന്റെ മൂന്നര ഇരട്ടിയിലധികം (17 ലക്ഷം ഘന മീറ്റർ) കോൺക്രീറ്റ് ആവശ്യമാണ്.  ചെറുതോണി അണക്കെട്ടിന്റെ ഉയരം 138.38 മീറ്ററും മുകളിലത്തെ നീളം 650.90 മീറ്ററും അടിയിൽ വീതി 107.78 മീറ്ററും മുകളിൽ വീതി 7.32 മീറ്ററും ആകുന്നു.  ആകെ മുപ്പത്തിഒൻപതു ബ്ലോക്കുകളുള്ള ഈ അണക്കെട്ടിന്റെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കാനും മറ്റുമായി നാല് 'ഇൻസ്പെക്ഷൻ ഗാലറികൾ' ഇതിനുള്ളിൽ നിർമ്മിച്ചിട്ടുണ്ട്.

ചെറുതോണി നദീതടത്തിലെ അണക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങളുടെ ദൃശ്യം - 1970 മെയ് 12 ന് എടുത്ത ചിത്രം

  ഇത്രയേറെ ക്ലേശങ്ങൾ സഹിച്ച് എന്തിനാണ് ഇടുക്കിക്ക് തൊട്ടടുത്ത് മറ്റൊരു അണക്കെട്ടുകൂടി പണിതത് എന്ന ചോദ്യം സ്വാഭാവികമാണ്.  ഉത്തരം ലളിതം.  പെരിയാറിന്റെ ഒരു പോഷക നദിയാണ് ചെറുതോണിപ്പുഴ.  ഇടുക്കിയിലെ അണക്കെട്ടുകൊണ്ടു മാത്രം പെരിയാറിനെ തളയ്ക്കാൻ ശ്രമിച്ചാൽ അത് ചെറുതോണിപ്പുഴയിലൂടെ കവിഞ്ഞൊഴുകി രക്ഷപ്പെടും.  അങ്ങനെ രക്ഷപ്പെടുന്നത് തടയുക, ഒപ്പം ജലസംഭരണിയുടെ വ്യാപ്തി വർദ്ധിപ്പിക്കുക, ജലത്തിന് നിയന്ത്രിത നിർഗ്ഗമനം അനുവദിക്കുക എന്നീ വിവിധോദ്ദേശ്യങ്ങൾ ഒറ്റയടിക്ക് സാധിക്കാൻ പര്യാപ്തമായതാണ് ചെറുതോണി അണക്കെട്ട്.

കോൺക്രീറ്റ് നിർമ്മാണത്തിനായി കുറവൻ മലയിൽ സ്ഥാപിച്ചിരുന്ന ബാച്ചിംഗ് പ്ലാന്റ്, കൂളിംഗ് പ്ലാന്റ് എന്നിവ -  1968 ജൂലൈ 23 ന് എടുത്ത ചിത്രം

     ഇടുക്കി, ചെറുതോണി അണക്കെട്ടുകൾക്കു വേണ്ട കോൺക്രീറ്റിനാവശ്യമായ മെറ്റലും മണലും കുറവൻ മലയിലെ പാറ പൊട്ടിച്ചാണ് ഉണ്ടാക്കിയത്.  20 മില്ലീമീറ്റർ മുതൽ 225 മില്ലീമീറ്റർ വരെ വലിപ്പത്തിലുള്ള വിവിധ ഇനം മെറ്റലുകളാണ് കോൺക്രീറ്റിനാവശ്യമായി വന്നത്.
 പാറക്കഷണങ്ങൾ ക്രഷർ യന്ത്രങ്ങളിൽ പൊട്ടിച്ച് വിവിധ വലിപ്പത്തിൽ തയ്യാറാക്കിയ മെറ്റലുകളും മണലും 'കൺവേയർ ബെൽറ്റുകൾ' (conveyor belts) വഴി സംഭരണസ്ഥാനത്ത് എത്തുകയും അവിടെനിന്നും വേറൊരു വിഭാഗം കൺവേയർ ബെൽറ്റുകൾ ഇവയെ 'കൂളിംഗ് പ്ലാന്റ്' എന്നറിയപ്പെടുന്ന ഒരറയിലേയ്ക്ക് കൊണ്ടുപോയി കഴുകി തണുപ്പിക്കുകയും ചെയ്യുന്നു.  തണുപ്പിച്ച മെറ്റലും മണലും 'ബാച്ചിംഗ് പ്ലാന്റി' (batching plant) ലെത്തുകയും അവിടെ വച്ച് സിമന്റും തണുപ്പിച്ച വെള്ളവും ചേർത്ത് കോൺക്രീറ്റാക്കി വലിയ ബക്കറ്റുകളിൽ വീഴ്ത്തുകയും ചെയ്യുന്നു.

തയ്യാറാക്കിയ കോൺക്രീറ്റ് കൺവേയർ ബെൽറ്റുകൾ വഴി ഉദ്ദിഷ്ട സ്ഥാനത്ത് വീഴ്ത്തുന്നു - 1970 മെയ് 12 ന് എടുത്ത ചിത്രം
  
   'കേബിൽ വേ' (cable-way) എന്ന സംവിധാനം കോൺക്രീറ്റ് ബക്കറ്റുകൾ പൊക്കി എടുത്ത് അണക്കെട്ടുകളിൽ വേണ്ട സ്ഥാനത്ത് ഇറക്കി കൊടുക്കുന്നു.  ഈ സംവിധാനമുപയോഗിച്ച് ദിനം പ്രതി 6230 ഘനമീറ്റർ കോൺക്രീറ്റ് അണക്കെട്ടുകളിൽ ഇടുന്നതിനു ശേഷിയുള്ള രണ്ടു 'ബാച്ചിംഗ് പ്ലാന്റുകൾ' കുറവൻ മലയിൽ സ്ഥാപിച്ചിരുന്നു.  ഈ രണ്ട് അണക്കെട്ടുകളുടേയും നിർമ്മാണം ബോംബെയിലെ ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് ഏറ്റെടുത്ത് നടത്തിയത്.

   ഇടുക്കി ജലസംഭരണിയുടെ 'ബഹിർഗ്ഗമനികൾ' (spillways) സ്ഥാപിച്ചിരിക്കുന്നു എന്നതാണ് ചെറുതോണി അണക്കെട്ടിന്റെ മുഖ്യസവിശേഷതകളിൽ ഒന്ന്.  12.20 മീറ്റർ നീളവും 10.36 മീറ്റർ ഉയരവും വീതമുള്ള അഞ്ച് 'ബഹിർഗമന കവാടങ്ങളും' (spillway gates) 3.05 മീറ്റർ നീളവും 6.40 മീറ്റർ ഉയരവും വീതമുള്ള രണ്ട് 'ബഹിർഗ്ഗമന ദ്വാരങ്ങളും' (outlets) ഇതിനുണ്ട്.    നിർമ്മാണ ഘട്ടത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും പിന്നീട് അത്യാവശ്യ ഘട്ടങ്ങളിൽ ജലസംഭരണി ശൂന്യമാക്കാനും ഈ ദ്വാരങ്ങൾ ഉപകരിക്കും.  ജലസംഭരണിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ മാത്രമേ സ്പിൽവേ ഗേറ്റുകൾ ഉയർത്തേണ്ടതുള്ളൂ.  മൂന്ന് അണക്കെട്ടുകളുടേയും മുകൾഭാഗം ഒരേ തലത്തിലാണ്; സമുദ്ര നിരപ്പിൽ നിന്നും 736.09 മീറ്റർ. 
   732.43 മീറ്റർ വരെ ജലവിതാനം ഉയരുമ്പോൾ ജലസംഭരണിയിൽ 1996 ദശലക്ഷം ഘനമീറ്റർ വെള്ളമുണ്ടാകും.  അതാണ് പൂർണ്ണമായും നിറഞ്ഞ ജലസംഭരണി.   എന്നാൽ അതിവൃഷ്ടിയും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൽ ജല സംഭരണിയിലെ വിതാനം പരമാവധി 734.30 മീറ്റർ വരെയാകാം.  അപ്പോൾ സ്പിൽവേകളുടെ പ്രവർത്തനം ആവശ്യമായി വരും. 

അസുലഭ ദൃശ്യം - 1992ഒക്ടോബറിൽ  ചെറുതോണി അണക്കെട്ടിന്റെ സ്പിൽവേ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നു.  ഇതിനു മുമ്പ് 1981 നവംബർ 4  നാണ് സ്പിൽവേ തുറക്കേണ്ടി വന്നത്.  അതിനു ശേഷം 2018 ആഗസ്റ്റു മാസമാണ് ഡാം തുറന്നിട്ടുള്ളത്. .

No comments:

Post a Comment